Sunday, April 26, 2015

സ്നേഹം കൊതിച്ചു സഹനം വിധിച്ചു



      പത്തുകൊല്ലത്തേ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നു അപ്രതീക്ഷിതമായി അവൾ പറഞ്ഞപ്പോൾ മറ്റെല്ലാവരേയും പോലെ ഞാനും ഒന്നു  നടുങ്ങി.നിക്കാഹെന്ന കാമ്പുള്ളൊരു ഉറപ്പിൻ പുറത്തു അപരിചിതമായ രണ്ടുപേർ മനസ്സും ശരീരവും  ഒന്നാകലെന്ന പവിത്രബന്ധത്തിന്റെ നൂലിഴ പൊട്ടിച്ചെടുക്കാൻ മാത്രമുള്ള കാരണമെന്തെന്നു ഞാനും വേവലാതിപ്പെട്ടു.
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്നറിയാമെങ്കിലും,  ഒരു തുറന്നു പറച്ചിലിനിടയിൽ  നുള്ളു നുറുങ്ങു ഉപദേശങ്ങളോ ദീനിന്റെ മഹത്തായ ചിന്താശകലങ്ങളോ പങ്കുവെച്ചു അവളുടെ മനസ്സു മാറ്റിയെടുക്കാമെന്ന വിചാരത്തിൽ ആ വരണ്ട  ചിന്തയിലൊന്നു ചികഞ്ഞു നോക്കിയപ്പോൾ  അവൾ പറഞ്ഞ മറുപടി എന്നെ  അത്ഭുതപ്പെടുത്തി; ഒപ്പം ആശങ്കയും.

       പത്തു കൊല്ലമെന്ന നീണ്ട കാലം അവൾ അഭിനയിക്കുകയായിരുന്നുവത്രേ.മികച്ച അഭിനയത്തിനിടയിൽ പിറന്ന കുഞ്ഞിനു ഇന്നു അഞ്ചു വയസ്സ്. ഉമ്മയുടെ ഭാവി ജീവിതം കുടുംബക്കാർ ചർച്ചചെയ്യുമ്പോൾ ആ കുഞ്ഞിളം പൈതല്‍  തന്റെ ഭാവിയുടെ അനിശ്ചിതത്ത്വത്തേ കുറിച്ചു തെല്ലും വേവലാതിയില്ലാതെ കൂട്ടുകാരോറ്റൊപ്പം കളിക്കുകയായിരുന്നു. 
എങ്കിലും അവളുടെ മുഖത്തു കുട്ടിത്ത്വത്തിന്റെ പ്രസരിപ്പു കാണാത്തതു ഒരു പക്ഷേ ഉമ്മയുടെ കണ്ണീരുണങ്ങിയ കവിൾതടം കണ്ടു ഉറങ്ങി ശീലിച്ചതു കൊണ്ടാണോ എന്തോ.

         തരക്കേടില്ലാത്ത മാർക്കു  വാങ്ങി അവൾ പ്ലസ്‌ ടു  പാസായെങ്കിലും വാപ്പയില്ലാത്ത കുട്ടിയെ വേഗം വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാർ ക്കു താൽപര്യം. കൂലിപണിക്കാരായ ജ്യേഷ്ടൻ മാർ മാത്രം വിചാരിച്ചാൽ വിവാഹകമ്പോളത്തിലെ ഭാരിച്ച തുക കൊടുത്തു  ഒരു വരനെ വിലക്കുവാങ്ങാൻ സാധിക്കാതിരുന്നതു കൊണ്ട്‌ കുടുംബവും നാട്ടുകാരും സഹായിച്ചു വിവാഹം മംഗളമായി നടത്തി.
സാമാന്യം സുന്ദരിയായിരുന്ന അവൾക്ക്‌ വിധിച്ച ഭർത്താവ്‌ ഒട്ടും അനുയോജ്യനായിരുന്നില്ല.അതുവരെ  അവൾ  ബഹുമുഖ പ്രതിഭയായിരുന്ന കൗമാരക്കാരിയായിരുന്നെങ്കിൽ വിവാഹം ശേഷം ഭാര്യ എന്ന  ഉപകരണം മാത്രമായി മാറുകയായിരുന്നു. ഭർത്താവിന്റെ  ചിട്ടവട്ടങ്ങളും വൃദ്ധ മാതാവിന്റെ പരിചരണവും വീട്ടു ചുമതലകളും ഭംഗിയായി നിറവേറ്റപ്പെടുമ്പോഴും തന്റെ ഉള്ളിൽ അടിച്ചമർത്തിയിട്ട കഴിവുകളെ അവൾ നഷ്ടബോധത്തോടെ ഓർക്കുമായിരുന്നു. എങ്കിലും വിധവയായ  ഉമ്മയുടെ സമാധാനത്തിനു  വേണ്ടിയും തന്റെ ദാമ്പത്യ ബന്ധത്തിന്റെ നില നിൽപ്പിനു വേണ്ടിയും ഭർത്ത്യവീട്ടുകാർ വലിക്കുന്ന  ചിരടുകൾക്കൊത്താടുന്ന വെറുമൊരു പാവയായി മാറി. 

          ഒരു വ്യക്തിയുടെ വ്യക്തിത്വങ്ങൾ പോലും തച്ചു തകർത്തു മുന്നേറുമ്പോഴും ഭാര്യയുടെ ഇഷ്ടവും അനിഷ്ടവും അറിഞ്ഞു പ്രവർത്തിക്കാനോ  അവകാശങ്ങളോ ആവശ്യങ്ങളോ പോലും നിവർത്തിക്കപ്പെടാനോ ആ ഭർത്താവുദ്ധ്യോഗസ്ഥൻ തയ്യാറായിരുന്നില്ല.കടുത്ത നിയമങ്ങളും  കൽപ്പനകളും അടിച്ചേൽപ്പിക്കാൻ ഒട്ടും പിശുക്ക്കാണിച്ചതുമില്ല. പ്രവാസിയായ അയാൾ ഇടക്കു വിളിക്കുന്ന ഫോൺകോളിൽ  പ്രണയാർദ്രമായ ഒരു നനുത്ത   വാക്കുപോലും പറഞ്ഞില്ല. 
കാത്തിരിപ്പിന്റെ വിങ്ങലോ പ്രിയതമന്റെ അഭാവമോ അവളെ അലട്ടിയില്ല .ദീർഘകാല വിദേശവാസത്തിനു ശേഷം കുറഞ്ഞ ലീവിനു നാട്ടിൽ വരുന്ന ആ ദമ്പതികളിൽ പുനർ സമാഗമത്തിന്റെ ശോണിമ പരന്നതേയില്ല.പ്രണയം പൂക്കാത്ത  സ്നേഹം കായ്ക്കാത്ത ഒരു പാഴ്മര തണലിൽ അവൾ വികാര  വിചാരങ്ങളില്ലാതെ വെറുതേ തലചായ്ക്കുക മാത്രം ചെയ്തു. 
ഇടക്കെപ്പാഴോ കടുത്ത അസഹ്യത സഹിക്കാനാകാതെ സ്വന്തം വീട്ടിൽ  മടങ്ങിവന്നെങ്കിലും വീട്ടിലെ സാമ്പത്തിക വിഷമതകൾ നേർക്കാഴ്ചയായി കണ്മുന്നിൽ തെളിഞ്ഞപ്പോൾ ഒരു വഴിയോര സത്രമായി കണ്ട്‌ ഭർതൃ വീട്ടിലേക്കു തന്നെ മടങ്ങി.ബന്ധുക്കളേ പോലും അറിയിക്കാതെ.ഇപ്പോൾ പഴകിയ വർഷക്കണക്കുകൾ പറഞ്ഞു മറ്റുള്ളവർ അവളെ കുത്തി നോവിക്കുമ്പോഴും മടങ്ങിവരവിൽ അവൾ സംതൃപ്തയാണു. തനിക്കു ഒരു വ്യക്തിയായി സ്വയം നിലനിൽക്കാനെങ്കിലുമാകുമല്ലോ എന്ന സന്തോഷം.

     കാരണവന്മാരുടെ മദ്ധ്യസ്ഥം പറച്ചിലിൽ  അവൾ കുറ്റക്കാരിയാണു.അയാളെ വേണ്ടെന്നുവെക്കാൻ മാത്രം എന്തു തെറ്റാണുള്ളതു.കള്ളില്ല കഞ്ചാവില്ല, മറ്റുദൂഷ്യങ്ങളൊന്നുമില്ല.അവൾക്കും കുഞ്ഞിനും ചിലവിനു കൊടുക്കുന്നുണ്ട്‌. മാന്യമായ പാർപ്പിയടമുണ്ട്‌.ഇതിൽ കൂടുതൽ എന്തു വേണം ഒരു പെണ്ണിന്. ഒരു പെണ്ണിനു വേണ്ടതു മറ്റെന്തൊക്കെയാണെന്നു പറയാൻ അവൾക്കു നാവു പൊങ്ങായ്കയല്ല.സമൂഹത്തിനു മുമ്പിൽ  തന്റേടിയെന്ന പേരു കിട്ടുമെന്ന പേടിയുമല്ല.  പക്ഷേ ഭൂമിയോളം ക്ഷമിക്കുക എന്നത്‌ പെണ്ണിനു പുതുമയുള്ളതല്ലല്ലോ.  

              സ്വന്തം ഭർത്താവിന്റെ അവകാശങ്ങളത്രയും നിവർത്തിച്ചു കൊടുക്കുന്നതോടൊപ്പം അവൾ ആഗ്രഹിക്കുന്ന   ചില കാര്യങ്ങൾ കൂടിയുണ്ട്‌. പ്രണയം, സ്നേഹം, ശ്രദ്ധ, പരിഗണന, അഭിനന്ദനം ഒരളവിൽ ഇതെല്ലാം കൊതി ക്കു ന്നു മിക്ക സ്ത്രീ മനസ്സും. വെച്ചു വിളമ്പാനും വീട്ടുത്തരവാദിത്ത്വങ്ങൾക്കും, തന്റെ ആവിശ്യ നിവ്വഹണത്തിനും മാത്രമായുള്ള   നിർജ്ജീവമനസ്സുള്ള ഒരു യന്ത്രമനുഷ്യനായി പെണ്ണിനെ കാണാതെ  അൽപ്പം പ്രത്യക്ഷമായ സ്നേഹം പ്രകടമാക്കിയിരുന്നെങ്കിൽ   അവൾക്കു ഇന്നു വിവാഹമോചനത്തിന്റെ പടി വാതിലിൽ ഒരു അഞ്ചുവയസ്സുകാരിയുടെ വിരൽ പിടിച്ചു നിൽക്കേണ്ടി വരുമായിരുന്നില്ല.  
സ്നേഹ സല്ലാപങ്ങളില്ലാത്ത അയാളുടെ ആവിശ്യ നിർവ്വഹണത്തിനു അവൾ എതിർപ്പു കാണിക്കാനാകാത്ത മരത്തടി മാത്രമാകുമായിരുന്നത്രേ.തന്റെ ആനന്ദലബ്ദിക്കു ശേഷം ഒന്നു ചേർത്തു പിടിക്കുക കൂടി ചെയ്യാതെ തിരിഞ്ഞു കിടക്കുന്ന ഭർത്താവിന്റെ പ്രവർത്തിയിൽ നിശബ്ദമായി കണ്ണുനീർപ്പൊഴിക്കാൻ മാത്രമേ അവൾക്കു സാധിച്ചൊള്ളൂ.

         ദമ്പതികൾ അനുവർത്തിക്കേണ്ട മഹത്തായ തത്ത്വചിന്തകൾ പഠിപ്പിച്ചു തന്ന മത ബോധം കാറ്റിൽപറത്തി തങ്ങളുടെ അടിമകളായി മാത്രം ഭാര്യ യെ കാണാൻ സാധിക്കുന്ന സമൂഹം ഈ ആധുനിക കാലത്തും വിരളമല്ല എന്നത്‌ ദൗർഭാഗ്യകരം തന്നെയാണ്.   സ്വയം തിരുത്തേണ്ട തെറ്റുകൾ  സമ്മതിച്ചു തരാത്തിടത്തോളം കാലം മാറ്റം വരാത്ത വികല കാഴ്ചപ്പാടുകളായി എന്നും നിലനിൽക്കുക തന്നെ ചെയ്യും