Sunday, January 16, 2011

അവൾ ചിരിക്കുമ്പോൾഹാസം എന്നാൽ ചിരി.ചിരിയെക്കുറിച്ചു് എന്ത് പറയാൻ അല്ലേ! എന്നാൽ പറയാൻ ഏറെയുണ്ട്.മീനച്ചൂടിൽ വെന്തുരുകുന്ന ഭൂമിക്കുമേൽ സുഖശയ്യയിൽ കാറ്റിനു വേണ്ടി വിയർപ്പിന്റെ ഉപ്പിൽ കുതിർന്ന ഒരു താരാട്ട്പോലും കേൾക്കാതെ താനെ ഉറങ്ങിയ മകളുടെ ചാരത്ത് ചുടുകാറ്റുമായി കറങ്ങുന്ന ഫാനിനെ നോക്കി ചിരിയെന്ന    മായാജാലത്തെക്കുറിച്ച് ചിന്തിക്കുന്നതെന്തിനാണെന്നറിയമോ?.
രത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു! ചുറ്റുപാടുകൾ ഉറക്കത്തിന്റെ അഗാധഗർത്തത്തിൽ പൂണ്ടനേരം. ഇടയ്ക്ക് കാതിൽ അലോസരമായി വണ്ടികളുടെ ഇരമ്പൽ മാത്രം.നിശ്ശബ്ദതയെ കൂട്ടുവിളിച്ച് അനുഭൂതിയുടെ തേരിലേറി ഞാൻ  എഴുത്തുകൊട്ടാരത്തിലേക്ക്
യാത്രയാവുന്നനേരം.ചില സമയങ്ങളിൽ കാതിൽ ഇമ്പമായും മറ്റുചിലപ്പോൾ ചീവിടായും മാറാറുള്ള സെൽഫോൺപോലും സ്വുച്ച് ഓഫ് ചെയ്തു കുമിഞ്ഞുവരുന്ന അക്ഷരമുത്തുകളെ മനോഹരമായ ഒരു മാലയായി കോർക്കാനുള്ള ശ്രമത്തിൽ ചിരിഎന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യാൻ കാര്യം ഇതാണ്. കണ്ണിന് കുളിർമയായി ഇന്ന് ഒരു ചിരി ദർശിക്കുക യുണ്ടായി.മുമ്പ് പലപ്പോഴും അത് എന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മനസ്സിൽ പതിഞ്ഞിരുന്നില്ല. അതിരുവിട്ട ആജ്ഞയിൽ അമർഷം തോന്നിയെങ്കിലും പ്രതികരണത്തിനു കഴിയാത്ത തന്റെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും ഇന്ന് ഒരു സൽക്കാരത്തിൽ പങ്കെടുക്കേണ്ടി വന്നു. പൊതുവെ സംസാര പ്രിയയായിട്ടും ഒറ്റക്ക് ഒരിടത്ത് മാറിനിക്കുകയാണ് ചെയ്തത്. എന്തോ ആലോചിച്ചിരിക്കെ ഹ്യദയത്തിൽ തട്ടുംവിധമുള്ള ഒരു മന്ദഹാസത്തോടെയാണ് അവൾ കടന്നുവന്നത്. ഞങ്ങൾ പരസ്പരം കുശലം പറഞ്ഞു. സംസാരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ആ ചുണ്ടുകൾ  വിടർന്നു.ഓരോ വാക്കും അവസാനിച്ചത് സമ്രദ്ധമായ    ചിരിയിലാണ്.കൌമാരക്കാരിയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി.രണ്ട് കുട്ടികളുടെ അമ്മയാണകക്ഷി.അത്രസുന്ദരിയെന്നുമായിരുന്നില്ല
അവൾ.ചിരിക്കുമ്പോൾ വലിയ പല്ലുകളും റോസ് നിറത്തിലുള്ള മോണയും കാണാം.എങ്ങനെയൊക്കെ ആയിരുന്നാലും ആ ചിരിയിൽ ഒരു പാട് സുഖങ്ങളുണ്ട്. അതു
കണ്ടിരിക്കാൻ തന്നെ എന്ത് രസം. ഇവളുടെ വീട്ടുകാർ ഭാഗ്യവാന്മാരും  ഭാഗ്യവതികളുമാണ്.ഈ മന്ദഹാസം എന്നും ദർശിക്കാമല്ലോ.ഭർത്താവിന് ഈ ചിരി
കണികണ്ടുണരാം.ആളുകൾക്കെങ്ങനെ ഇവളോട് ദേഷ്യപ്പെടാനാവും. കുഞ്ഞുങ്ങളോട് കപടഗൌരവം നടിക്കാൻ പോലും ഇവൾക്ക് അവർ കുസ്യതി കാണിക്കുമ്പോൾ സാധിക്കില്ല.ഇത്ര നിഷ്കളങ്കമായ ചിരി ഈകാലഘട്ടത്തിനിടയ്ക്ക് കണ്ടതായി   എനിക്കോർക്കാൻ കഴിയുന്നില്ല.സ്വാർത്ഥമോ അഹങ്കാരമോ ആ മുഖത്ത് കനച്ചു  കിടക്കുന്നില്ല. ഭർത്ത്യമതിയായിട്ടും അവളുടെ കൺ തടങ്ങളിൽ അടിമത്വത്തിന്റെ കരിവാളിപ്പ് കാണുന്നതേയില്ല.അവളുടെ ചട്ടികൾ പൊട്ടിയതായും കലങ്ങൾ

ചളുങ്ങിയതായും അമ്മികല്ലും ഉരലും തേഞ്ഞതായും കാണപ്പെടുന്നുണ്ടോ എന്തോ? ഒരു
പക്ഷേ, ഇവയോടൊക്കെയാവാം അവൾ അമർഷം പ്രകടിപ്പിക്കുന്നത്.ചിലപ്പോൾ അടിമത്വം സ്വന്തം കടമയായി കാണുന്നതുകൊണ്ട് അവളെ വിഷമിപ്പിക്കുന്നുണ്ടായിരിക്കില്ല.പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടായിരുന്നു. ആ മന്ദസ്മിതത്തിൽ.ചിരിക്കുമ്പോൾ മുത്തു പൊഴിയുക എന്നല്ലാം പറയുന്നത് സത്യമായതു പോലെ.അന്തരിച്ച പ്രശസ്ത എഴുത്തുകാരി കമല സുരയ്യ ചിരുതേയി അമ്മയെ തന്റെ കൂടെ കൂട്ടി വർഷങ്ങളോളം താമസിപ്പിച്ചത് അവരുടെ ചിരിയിൽ ആക്യഷ്ടയായിട്ടാണെന്ന് എവിടെ വായിച്ചതായി ഓർക്കുന്നു.വെറുമൊരു ചിരി ഒരാളുടെ മനസ്സിൽ ഇത്രയും സ്വാധീനം ചെലുത്തുമോ എന്ന് ഞാൻ സന്ദേഹിക്കാതിരുന്നില്ല.പക്ഷേ,ഇന്ന് എന്റെ ആശങ്കക്ക് പ്രസക്തി ഇല്ലന്ന് മനസ്സിലായി.ഈ ചിരി എനിക്കും സ്വന്തമാക്കാൻ സധിച്ചിരുന്നെങ്കിൽ എന്റെ കൈയിലുള്ള ധനം മുഴുവൻ നൽകാമായിരുന്നു.മറ്റൊന്നിനും വേണ്ടിയല്ല,ദിവസവും ആ ചിരി കാണാൻ . നീറുന്ന എന്റെ ഹ്യദയത്തിൽ തളിർജലം കുടഞ്ഞ് തണുപ്പിക്കാൻ ഈ  ചിരിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അവളുടെ ഭർത്താവിനെ കണ്ടമാത്രയിൽ ആ മോഹം എന്റെ ഉള്ളിൽ പൊലിഞ്ഞു.കാഴ്ചയിൽ അയാളൊരു മുരടൻ പനനീർപൂവ് പോലൊരു പെണ്ണിന് കരിവണ്ട്പോലെരു കാന്തൻ.അയാൾക്ക് ഈ ചിരിയുടെ സൌന്ദര്യം കാണാൻ പോലും സാധിക്കുന്നുണ്ടാകില്ല.ഗൌരവമുള്ളകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അയാൾ അവളോട് പറയുന്നുണ്ടാകാം, എന്തു പറഞ്ഞാലുണ്ടൊരു ഇളിഞ്ഞ് ചിരി!പക്ഷേ, അത് കേട്ടാലും അവൾ ചിരിക്കും. കാരണം അവൾക്ക് ചിരിക്കാതെ ഒരു നിമിഷം പോലും കഴിയാനാവില്ല.അയാൾ എനിക്കവളെ നൽകുമെന്ന് വിചാരിക്കാൻ ന്യായമൊന്നുമില്ല.അല്ലങ്കിലും ആരുകേട്ടാലും ഇതൊക്കെ എന്റെ ഭ്രാന്തൻ ചിന്തകളായേ കരുതൂ. ആരൊക്കെ അന്തൊക്കെ പറഞ്ഞാലും ആ ചിരികണ്ടുറങ്ങാനും ഉണരാനും ഞാൻ വല്ലാതെ കൊതിക്കുന്നു.
ആളും തരവും സന്ദർഭവും നോക്കിയുള്ള പലതരത്തിലുള്ള ചിരിയുണ്ടല്ലോ.കൌതുകള്ളതുകണ്ടാലും കുഞ്ഞുങ്ങൾ ചിരിക്കുന്നതുകാണാം.കുട്ടികളധികവും കിലുക്കാം പെട്ടികളായിരിക്കും.കൌമരത്തിലേക്ക് കാലെടുത്തുവച്ചാൽ നിയത്രണരേഖയ്ക്കപ്പുറം പോയ്ക്കുട ചിരിയുടെ ശബ്ദം എന്നു വിചാരിക്കുന്നവരുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക് യുവത്വത്തിൽ ചിരിക്ക് പലമുഖങ്ങളാണ്.സന്ദർഭവും സാഹചര്യവും ചിരിയെ വല്ലാതെ സ്വാധീനിച്ചേക്കാം. വാർദ്ധക്യത്തിന്റെ ഉയർന്നപടികൾ ഊന്നുവടിയുടെ സഹായത്താൽ പ്രയാസപ്പെട്ട് കയറിയാൽ പിന്നെ പലപ്പോഴും ചിരിക്കാൻ തന്നെ മറന്നെന്നുവരാം.എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി മാത്രമായി നാം ചിരിക്കാറുണ്ട്. മനസ്സിലെ കാപട്യം പ്രകടമാകാതിരിക്കാൻ റെഡിമെയ്ഡ് ചിരി ഒട്ടിച്ചുവെക്കുന്നവരുമുണ്ട്.
ഒരു കാമുകന് തന്റെ പ്രാണസഖി ചിരിക്കുന്നത് പൂവിരിയുന്നതിന് തുല്യമായി തോന്നും.കാമുകൻ ഭർത്താവായി മറുമ്പോൾ ഭാര്യയുടെ ചിരി അട്ടഹാസമായി തോന്നാതിരുന്നാൽ അത് അയാളുടെ ഭാഗ്യം.ഒരു അമ്മ കുഞ്ഞിന്റെ ചിരി നിർവ്യതി നൽകും.അവരവരുടെ സൌകര്യത്തിനനുസരിച്ച് ന്യായങ്ങൾ അന്യായങ്ങളായും അന്യായങ്ങൾ ന്യായങ്ങളായും.അവതരിപ്പിക്കപ്പെടാറുണ്ട്. അപ്പോൾ നമ്മിൽ സ്വതസിദ്ധമായ ചിരി വിടരില്ല.ബന്ധനം നാവിനെ തടയും. ആ ചിരിയിലൂടെ നമ്മുക്ക്  എതിർപ്പുകൾ പ്രകടിപ്പിക്കാൻ കഴിയും.
ഒരിക്കൽക്കൂടി നമ്മുക്ക് അവളിലേക്ക് വരാം.അവൾ എന്റെ ആരുമല്ലാതിരുന്നിട്ടും അവളുടെ മന്ദഹാസം മനസ്സിലെ കാർമേഘങ്ങളലിയിച്ചു കളഞ്ഞു.. ഒരു മിച്ച് ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു ഞങ്ങൾ അവൾ കഴിച്ചുതീരാൻ പോകുകയാണെന്നറിഞ്ഞിട്ടും ഞാൻ വീണ്ടും അവളുടെ പാത്രത്തിൽ വിളമ്പി. ചിരിച്ചുകൊണ്ട്  വേണ്ട എന്ന് പറഞ്ഞ അവളോട് ഞാൻ പറഞ്ഞു. എന്റെ മനസ്സിന് നിന്റെ ചിരിയേകിയ കുളിർമ്മയ്ക്ക് നന്ദി സൂചകമായിട്ടാണ് ഇത് .നീഎനിക്ക് വേണ്ടി ഇത് കഴിക്കണം.അപ്പോഴും അവൾ എന്നെ നോക്കി ചിരിച്ചു.ഭക്ഷണശേഷം നിറഞ്ഞ മനസ്സോടെ ഞങ്ങൾ പിരിഞ്ഞു.
ഒരു ചിരി ,വലിയ അദ്ധ്വാനമൊന്നും വേണ്ട. അത്  ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല നമ്മുടെയും മറ്റുള്ളവരുടെയും മനസ്സിന് ആഹ്ലാദം നൽകുകയും ചെയ്യും. ഉള്ളിലെ സംഘർഷം കുറക്കാനും അത് വഴിവെക്കും. എന്താ നമുക്ക് മനസ്സ് തുറന്നൊന്നു ചിരിച്ചു കൂടെ…..