Monday, November 29, 2010

ആഘോഷങ്ങളിലെ ആർഭാടങ്ങൾ

ഈ കഴിഞ്ഞ റമളാൻ മാസത്തിലും പെരുന്നാൾ ദിനത്തിലും നാട്ടിൽ നടന്ന ഒരു സംഭവം അനുസ്മരിച്ചെഴുതുന്നു.
വ്രതശുദ്ധിയുടെ പകലുകളും പ്രാർതഥനാ രാവുകളുമായി റമളാൻ കടന്നുവന്നു.പള്ളികളിൽ നമസ്ക്കാരത്തിന് സാധാരണയിൽ കവിഞ്ഞ ജനം. ജനങ്ങൾക്ക് ബോധവൽകരണം നടത്താൻ എമ്പാടും ക്ലാസുകൾ നോമ്പു തുറ പർട്ടികളിൽ വിഭവങ്ങളുടെ പെരുമഴ. ക്ലബിന്റെ ആഭിമുഖത്തിൽ റിലിഫ് അരിവിതരണം. സമൂഹ നോമ്പുതുറ.മുസ്ലീംങ്ങളും,അമുസ്ലിംങ്ങളും മതവൈര്യമില്ലാതെ അടുത്തടുത്തിരുന്നു നോമ്പ് തുറന്നു. കാര്യങ്ങൾ ചുറുചുറുക്കോടെ നടക്കുന്നു. യുവാക്കൾ ഓടിനടന്നു പ്രവർത്തനങ്ങൾക്ക് നേത്യുത്വം വഹിച്ചു. പ്രത്യേകിച്ച്‍ഒന്നും ചെയ്യാനായില്ലങ്കിലും നാടിനെ ഓർത്ത് അഭിമാനിച്ചു.പെരുന്നാൾ അടുത്തതോടെ അരിയും നെയ്യും മസാല കൂട്ടുകളും വേറെ വിതരണം. പുതു തലമുറ മാത്ര് കയാകേണ്ട പ്രവർത്തനങ്ങൾ.
ഇരുപത്തിയേഴാം രാവ് കഴിഞ്ഞു.ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കേണ്ട സമയം ഇരുപത്തിയേഴാം രാവോടെ കഴിഞ്ഞന്നു് സ്വയം കണക്കുക്കൂട്ടി.(അവസാനത്തെപത്തിൽ ഒറ്റപ്പെട്ട രാവിൽ എല്ലാം ഈ പുണ്യ രാവിനെ പ്രതീക്ഷിരിക്കണമെന്ന് ക്ലാസുകളിലെ ഉസ്താദുമാർ പ്രസംഗിച്ച് തൊണ്ടയിലെ വെള്ളം വറ്റിയയതു മിച്ചം) അതോടെ ഓരോരുത്തരുടെ സിരകളിൽ നിന്നും ഭക്തി ചോർന്നു പോകാൻ തുടങ്ങി.

ഇനി ആകെ ഒരേ ഒരു ചിന്ത മാത്രം പെരുന്നാൾ പൊടിപൊടിക്കണം. ഒരു കുറവും പാടില്ല.അങ്ങാടിയുടെ മാറ്റ് ക്കൂട്ടാൻ തോരണങ്ങളും ലൈറ്റുകളും സജ്ജമായി. ഇതിനൊക്കെ പുറമേ മറ്റൊരു വാർത്ത കൂടി പെരുന്നാളിന് ഉത്സവ പ്രതീതി നൽകാൻ ബഹുമുഖ പ്രതിഭകൾ തമഴ്നാട്ടിലേക്ക് വണ്ടി കയറി.പതിനായിരങ്ങൾ മുടക്കി നാടിനെ കിടിലം കൊള്ളിക്കാനും ആയിരങ്ങൾ ചിലവഴിച്ച് വീടിനെ കോരിതരിപ്പിക്കാനും പടക്കശാല പൂർണമായി വിലക്കെടുത്ത് നാട്ടിലേക്ക് തിരിച്ചു.
ഇരുപത്തിയൊൻപതു നോമ്പിന്റെ പുണ്യം പൂത്തുലഞ്ഞ് നിക്കവേ ശവ്വാൽ മാസപിറവി കണ്ടെന്നു ഖാളി ഉറപ്പിച്ച വിവരം പള്ളിയിൽ നിന്നും പ്രഖ്യാപിച്ചു.കുസ്യുതികളായ ചെറിയ മക്കൾ പള്ളിയിലെത്തി.ഉച്ചത്തിലുള്ള തക്ബീർ ധ്വനികൾ കേട്ട് അന്തരീക്ഷം പുളകിതമായി. കുഞ്ഞുമക്കൾടെ നാവ് കൊണ്ട് ഉരുവിടുന്ന അള്ളഹു അക്ബറിനിടക്ക് അതാ കഠോര ശബ്ദത്തോടെ പടക്കം പൊട്ടുന്നു.
റോഡിന്റെ ഒരു വശത്ത് പള്ളിയിൽ നിന്നും കേൾക്കുന്ന തക്ബീർ ധ്വനികൾക്കുമീതെ മറുവശത്ത് വർണശമ്പളമായ കാഴ്ചയും ശബ്ദവും .ഇവരുടെ ആർമാദിക്കൽ കഴിഞ്ഞിട്ടാവാം എന്നു കരുതിയാകണം പള്ളി നിശബ്ദമായി.നോമ്പിന് സജീവപ്രവർത്തനത്തനങ്ങളിലേർപ്പെട്ട യുവാക്കൾ തന്നെ പടക്കങ്ങ്ങ്ങൾ തിരി കൊളുത്താനും മുൻ പന്തിയിലുണ്ടായിരുന്നു.
തീർന്നില്ല പെരുന്നാൾ രാത്രി ഇതിന്റെ പത്തിരട്ടി പൊട്ടി.N H 17യിൽ വാഹനങ്ങൾക്ക് പോകാൻ കഴിയാതേ കാഴ്ചക്കാരാകേണ്ടി വന്നു.അന്തരീക്ഷം പുകയുകയും വാസനയും മൂലം മലിനമായി. തറാവീഹ് നമസ്കാരത്തിന് മുടങ്ങാതെ പോകുന്ന കാരണവന്മാർ വരെ വളരെ ആസ്വദിച്ചു നിന്നു കണ്ടു.ഏകദേശം 40,000രൂപ യോളം തിരി കൊളുത്തി മേലോട്ടുയർന്നു പൂത്തുലഞ്ഞു.എലാം കഴിഞ്ഞു ഭാരവഹികൾ വലിയ കാര്യമെന്തോ നിർവ്വഹിച്ച ധന്യതയോടെ സ്വന്തം വീടുകളിൽ പോഴി സുഖ നിദ്രയിലാണ്ടു. നമ്മുടെ ആഘേഷങ്ങൾ ഇങ്ങനെ ആർഭാടമാക്കേണ്ടതുണ്ടോ? ഇസ്ലാം മതത്തിന്റെ മഹത്തായ വീക്ഷണവും നബി ചര്യയും ഇതിനെതിരല്ലേ?ഇതൊക്കെ അഭിമാനിക്കാനുള്ള വകയാണെന്നാണ് ചിലർ ധരിച്ചു വെച്ചിരിക്കുന്നത്.
ഒരു മനുഷ്യന്റെ മൌലികാവകശമയ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലും ലഭിക്കാതെ അരയും തലയും മുറുക്കികഴിയുന്നവർ നമ്മുടെ കൺ മുന്നിൽ വളരേ പേരുണ്ട്. തന്റെ വിഷപ്പിന്റെ വിളി സഹിക്ക വയ്യാതെ ഭിക്ഷതേടുന്നവർ ഒരു വിഭാഗമുണ്ട്. എന്നാൽ അതിലോറെ പേർ അഭിമാനം നഷ്ടമാകുമേ എന്ന് ഭയന്ന് എല്ലാം ദൈവത്തിൽ ഭാരമർപ്പിച്ച് കഴിയുന്നവർ.ഇവരെയെല്ലാം കണ്ടില്ലന്ന് നടിച്ച് അടിച്ചു പൊളിച്ച് ദിനങ്ങൾ കഴിക്കാന്‍ മതം ആഹ്വാനം ചെയ്തിട്ടുണ്ടോ?.
നാടിന്റെ നാലുദിക്കിലുള്ള കടകളിൽ കയറി ഇറങ്ങിയിട്ടും തനിക്കിഷ്ടപ്പെട്ട വസ്ത്രം കിട്ടിയില്ല എന്ന് ഈയിടെ ഒരു സുഹ്രുത്ത് പറഞ്ഞു. പ്രശസ്തമായ ഈ കടകളിലോന്നും പോയിട്ട് തനിക്ക് യോജിച്ച വസ്ത്രം കിട്ടിയില്ല എന്ന അവരുടെ പൊങ്ങച്ചത്തോടെയുള്ള സംസാരം ആഴത്തിൽ ചിന്തിപ്പിച്ചു.മാന്യമായ വസ്ത്രധാരണ രീതിയിലപ്പുറം ഫാഷൻ ഭ്രമം ഒരു മനുഷ്യനെ ഇത്തരത്തിൽ ഉരുചുറ്റാൻ പ്രേരിപ്പിക്കുന്നുണ്ടങ്കിൽ അതു വലിയവിപത്ത് തന്നേയാണ്.
നമ്മൾ വളരെമാറി പോകുകയാണ് . സ്വന്തം സത്തയിൽ നിന്നും വളരെ ദൂരം സഞ്ചരിക്കുന്നു. എന്തെക്കെയോ വെട്ടിപ്പിടിക്കാൻ ആർത്തി പൂണ്ട് നടക്കുന്നു. ജീവിതം ശൈലിയിലും ദിനാചര്യകളിലും,ആഘോഷങ്ങളിലും ആഡംബരം അഭിമാനത്തിന്റെ ഭാഗമാക്കുന്നു.മാമൂലുകൾ ചെയ്യുന്നതിൽ തങ്ങളും മറ്റുള്ളവർക്കൊപ്പമെത്താൻ സാധാരണക്കാർ നെട്ടോട്ടമോടുന്നു.ആഴത്തിൽ ചിന്തിച്ചാൽ ഇതല്ലാം പുറം മോടികളല്ലെ. ലാളിത്വപൂർണമാഴ ജീവിതമാണ് മഹാൻ മരെല്ലാം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നത്.എന്നിട്ടും അതല്ലാം കണ്ടില്ലന്ന് നടിച്ച് നാം ചിലവഴിക്കുന്ന പണത്തിന് അതിരില്ലാതെയാകുന്നു. നാം ഓരോരുത്തരും ദിനേനെ ചിലവഴിക്കുന്ന കാശ് നമ്മുക്ക് അത്യാവശ്യ കാര്യങ്ങൾക്കുള്ളതാണോ എന്ന് ചിന്തിക്കുക. രണ്ടു വട്ടം ചിന്തിച്ചേ പണചിലവുള്ള കര്യങ്ങൾക്ക് മുന്നിട്ടിറങ്ങാവൂ. നമ്മുടെ ലാളിത്യ ബോധവും പരസ്പര സഹകരണവും കണ്ട് മക്കൾ വളരട്ടെ മികച്ച പുതുതലമുറയെ വാർത്തെടുക്കാൻ അതേ മാര്‍ഗമുള്ളൂ..
ഇതിന്റെ(പടക്കം പൊട്ടിക്കലിന്റെ) ദൂഷ്യം ഫലം കൊണ്ട് നിഷ്കളങ്കയായ യുവതിയുടെ ജീവിതം തകർന്ന കഥ കൂടി ഇതിനോട് ചേർത്ത് വായിക്കാം. പാവപ്പെട്ട വ്യുദ്ധനായ ഹോട്ടൽ തൊഴിലാളിയുടെ മകളുടെ വിവാഹം പള്ളി കമ്മറ്റിയും നാട്ടുകാരും മുൻ കയ്യെടുത്ത് തീരുമനിച്ചത്. സാമ്പത്തികമയും ശാരീരികമായും എലാവരുടെയും പിന്തുണയോടെ മംഗളമായി കാര്യങ്ങൾ നടന്നോണ്ടിരിക്കെ വരന്റെ ആൾക്കാരത്തി. തപ്പ് കെട്ടും ആർപ്പു വിളികളുമായിട്ടാണവർ വന്നത് .അവർ സ്ഥലത്തെത്തിയെന്ന വിവരം അറിയിക്കാനെന്നവണ്ണം പടക്കത്തിന്റെ പൊട്ടലും ചീറ്റലും .പള്ളി കമ്മറ്റിക്കാർ എതിത്തു.നിക്കാഹ് നടക്കണമെങ്കിൽ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞു. അമർഷം ഉള്ളിലടക്കി അടങ്ങി.നിക്കാഹ് കഴിഞ്ഞ് പെണ്ണ് വീട്ടിൽ നിന്നിറങ്ങുവോളം ശബ്ദ മഴ തന്നെയായിരുന്നു.പെണ്ണിനെ കോണ്ടു പോകാൻ വന്ന സ്ത്രീകളടക്കം അവിടെ വന്ന വരന്റെ ആൾക്കാർ സംഭവ വികാസങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പുതിയാപ്ലയുടെ ഉമ്മയുടെ കാതിലോതി. മക്കൾക്ക് നല്ലത് ഉപദേശിക്കേണ്ട ആ മാതവ് മകനെ വിളിച്ചു പറഞ്ഞത് എന്താണന്നറിയുമോ?.

വരന്റെ ആൾക്കാരെ അപമാനിച്ചു വിട്ട ആ കുടുംബത്തിൽ നിന്ന് നമ്മുക്ക് ബന്ധംവേണ്ട.തെറ്റൊന്നും ചെയ്തില്ലല്ലോ. കുട്ടികകൾ തമാശക്ക് പടക്കം പൊട്ടിച്ചു സന്തോഷിച്ചെന്ന് വെച്ച് ഇത്രക്ക് അഹങ്കാരമോ. അവരുടെ പെണ്ണിനെ നമ്മൾ കൊണ്ടു വരുന്നെങ്കിലും ഓർക്കണ്ടേ. ഇരന്നും പിരിവെടുത്തും കിട്ടിയ സ്ത്രീധന കാശ് തിരികെ കൊടുത്ത് അടുത്ത ദിവസം തന്നെ പെണ്ണിനെ വീട്ടിൽ കൊണ്ടു വന്നാക്കി. അവർ രണ്ടും കയ്യും നീട്ടി വങ്ങിയ പണം തിരികെ ഏൽ‌പ്പിക്കുമ്പോൾ തന്റെ മകളുടെ ഭാവിയോർത്ത് ആ വ്യുദ്ധ പിതാവിന്റെ നെഞ്ചകം പിടഞ്ഞിരിക്കും.പെണ്ണ് കെട്ടുക എന്നു പറഞ്ഞാൽ തങ്ങളുടെ താളത്തിനൊത്തു തുള്ളാൻ ഒരു സ്ത്രീയേയും അവരുടെ കുടുംബത്തേയും കിട്ടുക എന്നതാണ് ചിലരുടെ ധാരണ.ദൈവം എല്ലാം കാണുന്നവനാണെന്ന് മാനവർ പലപ്പോഴും വിസ്മരിച്ച് പോകുന്നു...

Friday, October 15, 2010

സ്ത്രീധനം താ കല്യാണം കഴിക്കാന്‍ ചെലവുണ്ട്

സ്ത്രിധനത്തെ കുറിച്ചും സ്ത്രീപീഡനങ്ങളെ കുറിച്ചും പ്രതിപാദിക്കാത്ത മേഖലകള്‍ ചുരുക്കം. വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും കുടുംബ കോടതികളും പെരുകിക്കൊണ്ടിരിക്കുമ്പോഴും അതിനു മീതെയായി ഇത്തരം പ്രശ്നങ്ങളും ദുരുഹ മരണങ്ങളും കൂടിവരുന്നു.ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീ ഇന്ന് മുന്‍പന്തില്‍ലാണു്‌ .ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സ്ത്രീകള്‍ സമരത്തിനിറങ്ങി പുറപ്പെടുന്നു. ഇങ്ങനൊയൊക്കെയാണെങ്കിലും സ്ത്രീ പീഡന കഥകളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം നിത്യ സംഭവങ്ങളാകുന്നു. ഇതിനൊരു പരിഹാരം നാം കണ്ടെത്തിയേ മതിയാകൂ.

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഇത്തരം കഥകൾ കണ്ട് മനസ് മരവിച്ചാണ് ഈകുറിപ്പെഴുതുന്നത്. സ്ത്രീകൾ മാത്രമാണോ മരണത്തിന്റെ പിടിയിലകപ്പെടുന്നത് എത്രയോ നിഷ്കളങ്ക്കരായ കുഞ്ഞുങ്ങളും ഇതിന്റെ ബലിയാടുകളാകുന്നു.എന്തിനാണിവർ മുല്ലപ്പൂമൊട്ടുപോലുള്ള പിഞ്ചു പൈതങ്ങളെ നിഷ്കരുണം വധിക്കുന്നത് എന്തിനാണ് സർവ്വശക്തനായ നാഥന്റെ ജോലി സ്വയം ഏറ്റെടുക്കുന്നത്. ഇത്ര അധപതിച്ചുവോ നമ്മുടെ സമൂഹം. ദൈവം വരദാനമായി നൽകിയ ജീവിതം നശിപ്പിച്ചു കളയാൻ മനുഷ്യർക്കെന്താണധികാരം. അവന്റെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് നന്മയിൽ നിന്നും വ്യതിചലിക്കാതെ ജീവിക്കുന്നവർ ക്കല്ലേ വിജയം. ആത്മഹത്യ ഒരു എടുത്തുചാട്ടമാണ് ജീവിതത്തിനു മുന്നിലെ ഒരു തോറ്റുകൊടുക്കലാണത്. കുടുംബമാകുമ്പോൾ പല തിക്താനുഭവങ്ങളൂം ഉണ്ടായേക്കാം. സഹിക്കാവുന്നതിലും അധിക യാതനകൾ അനുഭവിചേക്കാം. പക്ഷെ ഇതിന് പരിഹാരമായി ഒരിക്കലും ആത്മഹത്യയെ കാണരുത്. “വറചട്ടിയിൽ നിന്നും എരിതീയിലേക്ക്“ എന്ന അവസ്ഥയാകുമത്. സഹനങ്ങൾ ഒരുപാട് സഹിച്ച് നാഥന്റെ കോപത്തിനിരയായി മടങ്ങിയാൽ പരലോകത്ത് കടുത്ത ശിക്ഷ തന്നെ ലഭിക്കും. കലഹങ്ങൾ പരമാവധി ഉണ്ടാകാതെ നോക്കുകയും കുടുംബഭദ്രത കൈവരിക്കാനും സ്ത്രീകൾ ശ്രമിക്കുക ഒന്നിച്ച് ജീവിക്കാൻ ഒരു കാരണവശാലും സാധിക്കില്ലെന്ന് പരിപൂർണവിശ്വാസ മുണ്ടെങ്കിൽ വേർപിരിയുക.

എന്നാൽ ആത്മഹത്യയിൽ നിന്നുംകൊലപാതകങ്ങളിൽ നിന്നും മോചനം കിട്ടുമല്ലോ. ഒന്നുമറിയാത്ത പാവം സ്ത്രീകൾക്ക് കുടുംബ കോടതികളും കൌൺസിലിംഗിലൂടെ വനിതാസംഘടനകളും പിന്തുണ നൽകുക.

സ്ത്രീധനത്തെ പ്രസംഗികരും എഴുത്തുകാരും മതപണ്ഡിതന്മാരും എതിർക്കുകയും അതിനെതിരെ പ്രസംഗിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യുന്നങ്കിലും സ്ത്രീ‍ധനം സമൂഹത്തിൽ നിന്ന് മാറ്റപ്പെട്ടില്ല. ദീനീ ബോധവും ഉത്തമ സ്വഭാവ ഗുണങ്ങളുമുള്ള സ്ത്രീതന്നെ ഒരു ധനമല്ലെ. പിന്നെന്തിന് സ്ത്രീധനം എന്ന ദുഷിച്ച ധനം വേറെ. മനുഷ്യൻ ഇന്ന് പുരോഗതിയുടെ ഉച്ചകോടിയിലെത്തിനിൽക്കുമ്പോഴും ഒരു വിഭാഗം ജനങ്ങൾ ഇങ്ങിനെ നശിക്കുന്നത് വളരെ ഖേദകരം തന്നെ. പുറമെ ആദർശ ശാലികളായ പലരും സ്വന്തം കാര്യം വരുമ്പോൾ ഇതിന് മുതിരുന്നു. സ്ത്രീധന കാര്യത്തിൽ പുരുഷനേക്കാൾ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടിൽ വാങ്ങിയതിനേക്കാൾ ഇരട്ടി തന്റെ വീട്ടിൽ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും ഇങ്ങിനെയായിരിക്കെ ഇതിനെക്കുച്ചുള്ള ചർച്ച വിഡ്ഡിത്തമാകും. അത്യാഗ്രഹം എന്നവസ്സനിക്കുന്നുവോ അന്നേ ഇതിന് പരിഹാരമാകൂ.

ഇന്ന് ഗൾഫ്ഭർത്താക്കൻ മാരേയാണ് ഓരോ കുടുംബവും മക്കളെ ഏൽ‌പ്പിക്കാൻ അന്വേഷിക്കുന്നത് ഇതിനുള്ള ന്യായം നാട്ടിൽ നിന്നാൽ മിച്ചം ഒന്നും മുണ്ടാകില്ല എന്നതാണ്. ശരിയായിരിക്കാം.നാട്ടിൽ ജോലിയുള്ളവർക്ക് അധികം പത്രാസോടെ ജീവിക്കാൻ സാധിക്കില്ല.എങ്കിലും മനസമാധാനത്തോടെ ഉല്ലസത്തോടെ ഉള്ളത് കൊണ്ട്പെരുന്നാളാക്കാം.സന്തോഷാവസരങ്ങളിലും സങ്കടത്തിലും പങ്കുചേരാൻ പങ്കാളിയില്ലാതിരുന്നാൽ പിന്നിട് ഈവികാരങ്ങളൊക്കെ ആരുമായി പങ്കുവെക്കും.ആർഭാടങ്ങളില്ലങ്കിലും മഴയും വെയിലും ഒന്നിച്ചനുഭവിക്കാം. നിറയെ ആഭരണങ്ങളും ഉയർന്ന സ്ത്രീധനവും കൊടുത്ത് വിവാഹം കഴിപ്പിച്ചയച്ചാലും ഉത്തരവാദിത്തങ്ങളീൽ നിന്നും ഒരു പിതാവിന് തലയൂരാൻ സാധിക്കുമോ? അവളുടെ പിന്നീടുള്ള ജീവിതം സുഖകരമാകുമെന്ന് തോന്നുന്നുണ്ടോ. നേരെ പരിചയപ്പെടും മുമ്പെ ഗൾഫിലേക്ക് പറന്നകന്ന ഭർത്താവ്. കുത്തുവാക്കുകളും പീഡനങ്ങളൂം ഒരു ഭാഗത്ത് .സ്നേഹത്തിന് വേണ്ടി കൊതിക്കുന്നൊരു മനസ് മറുഭാഗത്ത്.

മരുമക്കളെജോലിക്കായിമാത്രം കൊണ്ടുവന്നതാണെന്നാണ് ചിലവീ ട്ടുകാരുടെമനോഭാവം ചെയ്യുന്നജോലിൽ എന്തെങ്കിലും കുറ്റംകണ്ടു പിടിക്കുകയാണ്പ്രധാന ജോലി അവളിലെ
നന്മയെ കാണാൻ ആരുമില്ല ആയിരം നന്മക്കിടയിൽ ഒരു കുറ്റമുണ്ടങ്കിൽ അത് ചുഴിഞ്ഞ് ടുത്ത് കുറ്റപ്പെടുത്താനാണ്ശ്രമം

സൌന്ദര്യ കാര്യത്തിലുണ്ടാകുന്ന പ്രശ്നവും സ്ത്രീപീഡന കഥകളിൽ ഒട്ടും കുറവില്ല.സൌന്ദര്യവും നിറവും എല്ലാം പടച്ചവൻ നൽകുന്നതല്ലെ.അതിൽ മനുഷ്യർക്കാർക്കും കൈകടത്താൻ സാധിക്കില്ലല്ലോ. സൌന്ദര്യ കുറവ് മൂലം നമ്മുടെ നാട്ടിൽ വിവാഹിതരായ പെൺകുട്ടികൾ ദുരിതമനുഭിക്കുന്നുണ്ട്. തങ്ങൾ എത്ര വിരൂപരായാലും വരുന്ന പെണ്ണുങ്ങൾ ലോകൈക സുന്ദരികളായിരിക്കണമെന്നാണ് വരന്റെയും ബന്ധുക്കളുടെയും ആവശ്യം. വിവാഹം കഴിച്ച് വീട്ടിൽ കൊണ്ട് വന്നശേഷം സൌന്ദര്യ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് പെൺകുട്ടികളെ തളർത്തുന്നു. ഇത് കഴിഞ്ഞേ ഉള്ളൂ അച്ചടക്കത്തിന്റെയും ദീനീബോധത്തിന്റെയും കാര്യം.
സൌന്ദര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത മനുഷ്യന് അവന്റെ സ്വഭാവം മെച്ചപ്പെടുത്താൻ സാധിക്കുമല്ലോ.നല്ല സ്വഭാവമാണ് ഒരു മനുഷ്യന്റെ എറ്റവും വലിയ സൌന്ദര്യം.മണ്ണിലേക്ക് വെച്ച് മുന്നാം നാൾ നാം കാത്ത് സൂക്ഷിക്കുന്ന ഈ സൌന്ദര്യം മണ്ണിലേക്ക് അലിഞ്ഞ് ചേർന്നില്ലേ.സുന്ദരന്മാരും സുന്ദരികളുമാണാന്ന് വെച്ച് പുഴു അരിച്ച് ശരീരം മണ്ണായി മാറാതിരിക്കുന്നില്ലല്ലോ. മണ്ണിനാൽ സ്യഷ്ടിച്ച് മണ്ണിലേക്ക് തന്നെ മടക്കേണ്ട മനുഷ്യാ,അൽ‌പ കാലത്തെ ഇഹലോക വാസത്തിൽ സന്തോഷത്തോടെയും സമാധാനാത്തോടെയും കഴിയാൻ ശ്രമിച്ചുകൂടെ.വെട്ടിപ്പിടിച്ച് നേടിയതല്ലാം അന്ത്യനാളിൽ കൂടെ ക്കൊണ്ടുപോകുമോ?. ഈയടുത്ത കാലത്ത് എന്റെ പരിചയത്തിലുള്ള ഒരാൾക്കുണ്ടായ സംഭവം പറയാം.അഞ്ച് വർഷം മുമ്പ് മകളുടെ വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്വർണം മുഴുവനായി കൊടുക്കാൻ കഴിഞ്ഞില്ല. കാശുണ്ടാകുമ്പോൾ കുറേശ്ശെയായി കൊടുക്കാമെന്നായിരുന്നു കരാറ് .വിവാഹ ദിവസം അണിയാൻ വായ്പയായി കിട്ടിയ ആഭരണങ്ങൾ അതിന്റെ ഉടമക്കാർ തിരിച്ചു വാങ്ങിയ നാൾ തൊട്ട് കുറ്റപ്പെടുത്തലുകളും ശകാര വർഷവുമായി ഭർത്താവിന്റെ വീട്ടുകാർ ഈ കുട്ടിയുടെ പിറകെ കൂടി . രണ്ട് വർഷമായി കുഞ്ഞില്ലാത്ത വിഷമവും വീട്ടിലെ ചുറ്റുപാടിൽ നിന്നുള്ള മാനസിക പിരിമുറുക്കവും ഈ കുട്ടിയുടെ മാനസിക നിലയതന്നെ തകരാറിലാക്കി.വീട്ടുകാർ അരമുറുക്കി പട്ടിണി കിടന്ന് ഒരു ലക്ഷം രൂപ ഉണ്ടാക്കി .അതിന് കിട്ടുന്ന സ്വർണം വാങ്ങാമെന്ന് വെച്ചപ്പോൾ മരുമകന് കാശിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് ഇനീ‍ ഈ വാങ്ങുന്ന കാശിന്റെ സ്വർണം കുറച്ചു നൽകിയാൽ മതി എന്ന് പറഞ്ഞ് വീട്ടുകാർ കാശുമായി പോയി .പക്ഷെ ശകാരം ഒരു വശത്ത് അരങ്ങ് തകർക്കുന്നുണ്ട് .അഞ്ച് വർഷങ്ങൾക്ക് ശേഷം ഗർഭിണിയായ പെണ്ണിനെ പ്രസവം കഴിഞ്ഞ് പോകുമ്പോഴെങ്കിലും ബാക്കിയുള്ള സ്വർണത്തിന് പരിഹാരം കാണണമെന്ന് കരുതി ഉപ്പയില്ലത്ത ആ കുട്ടിയുടെ വീട്ടുകാർ നെട്ടോട്ടമോടുന്നു. ഇപ്പോൾ വരന്റെ വീട്ടുകാർ പറയുന്നത് അന്ന് വാങ്ങിയ കാശ് തിരുച്ചു തരാം വിവാഹ ദിവസം പറഞ്ഞതിന് അനുസരിച്ചുള്ള സ്വർണം വാങ്ങി തരണമെന്ന്. നോക്കണേ സ്വാർഥമോഹിയായ മനുഷ്യന്റെ (കു)ബുദ്ധി.അന്ന് 5000;ത്തിൽ താഴെ ഒരു പവന് ഉണ്ടായിരുന്നത് ഇന്ന് 15,000ത്തിലാണ്. വാക്കു പറഞ്ഞതിന് ഇന്ന് എന്ത് വിലയാണുള്ളത്. അതല്ലങ്കിൽ വേറൊരു പോംവഴി അവർ പറഞ്ഞത് ഇന്ന് ഒരു ലക്ഷം രൂപക്ക് എത്രസ്വർണം കിട്ടും അതിന്റെ ബാക്കി നൽകിയാ മതി എന്ന്. എങ്ങിനെയായാലും അവർക്ക് കിട്ടേണ്ടത് കിട്ടുക തന്നെ വേണം.മറ്റുള്ളവർ പട്ടിണി കിടന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റാതേയും മറ്റുള്ളവരോട് ഇരന്നും വേണോ തന്റെ ആർഭാടങ്ങൾ നടത്താൻ.ഗതികെട്ട ഒരു കുടുംബത്തിന്റെ വിയർപ്പിന്റെ ഗന്ധമുള്ള ഈ സമ്പത്ത് എന്ത് നിയമത്തിന്റെ പേരിലാണ് ഇക്കൂട്ടർ കൈക്കലാകുന്നത് .പ്രായമായ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കി യുവാക്കൾ ഇതിന് എതിര് നിൽക്കണം. ചിലർ സ്ത്രീധനമായി കിട്ടുന്ന കാശ് കൊണ്ടാണ് മഹർ വാങ്ങുന്നത് .ഇത്രയധികം ലജ്ജാകരമായ മറ്റെന്ത് അവസ്ഥയാണുള്ളത് സ്ത്രീധനം ഇത്ര അധികം വങ്ങാൻ എന്താകാരണ മെന്ന് ഒരു സ്ത്രീയോട് ഞാൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്താണെന്നറിയാമോ, പെണ്ണിന് ആവശ്യമായ മഹർ വസ്ത്രങ്ങൾ മറ്റ് കല്ല്യാണ ചിലവുകൾ ഇവയല്ലാം നടത്താൻ വേറെകാശ് ഇല്ല എന്ന്. എന്തിന് താങ്ങാൻ കഴിയാത്ത മഹറും വസ്ത്രങ്ങളും വാങ്ങുന്നത്. സ്ത്രീധന കാശ് കൊണ്ട് വിവാഹ ചിലവ് നടത്തുകയെന്നാൽ മോശമായ ഏർപ്പാടല്ലേ. ഇതിൽ നിന്നല്ലാം മാറ്റം വരണം.സ്ത്രീതന്നെ സ്ത്രീയുടെ പ്രധാന ശത്രുവായി മാറരുത്.

ഒരുവശത്ത് ഇങ്ങിനെയെല്ലാം നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ചെറിയ ശതമാനം പേരെങ്കിലും ഇതിൽ നിന്നല്ലാം അകന്നു നിന്ന് മന്യമായി ജീവിക്കുന്നുണ്ട്. തികച്ചും വിത്യസ്ഥ ചുറ്റുപാടിൽ നിന്നും വന്ന ലാളനയും സ്നേഹവും അനുഭവിച്ച് വളർന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിയുന്നതോടെ വീട്ടിലെ സകല ഉത്തരവാദിത്തങ്ങളും ഏൽ‌പ്പിച്ചു വീട്ടുകാർ ഒരിക്കലും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കരുത് .താങ്ങാൻ കഴിയാത്തഭാരം ചുമന്ന് ജീവിതം തന്നെ മടുത്ത് പോകുന്ന ഒരവസ്ഥ വരാം. പതുക്കെ പതുക്കെ ഒരു നല്ല വീട്ടമ്മയായി അവളെ വളർത്തുകയാണ് വേണ്ടത്. ശരിയും തെറ്റും സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയാൽ ഭർത്താവിന്റെ വീട് ഒരിക്കലും അവൾക്ക് തടവറയാകില്ല. അവളിലെ വ്യക്തിയെ അംഗീകരിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നല്ല ആഗ്രഹങ്ങളെ സഫലമാക്കാനും വീട്ടുകാർ സഹായിക്കണം.വീട്ടിലെ ഏല്ലാ‍ അംഗങ്ങളും സഹകരിച്ച് മുന്നോട്ട് പോകണം . മറ്റൊരു വീട്ടിലെ അംഗമായി അവളെ ഒരിക്കലും മാറ്റിനിർത്തപ്പെടരുത്.ഒരുവീട്ടിൽ കഴിയുന്നവർക്കെല്ലാം അവരുടെതായ ബാധ്യതയുണ്ടന്ന് മനസ്സിലാക്കണം .അവരവർക്ക് ചെയ്യാവുന്നകാര്യങ്ങൾ അവരവർ തന്നെ ചെയ്യാൻ ശ്രമിക്കണം. തനിക്ക് ചെയ്യാവുന്ന ജോലി ഒരിക്കലും മറ്റൊരാൾ ചെയ്തില്ലെങ്കിൽ ശകാരിക്കാൻ അവർക്ക് അർഹതയില്ലന്നോർക്കണം.സ്നേഹ പൂർണമായ കുടുംബ ജീവിതം സാധ്യമാക്കണം. മനസുകൾ തമ്മിൽ അകന്ന് കഴിഞ്ഞാൽ ജീവിതത്തിൽ ഒരു സുഖവും കിട്ടില്ലെന്ന് ഓർക്കണം.

അതു പോലെ തന്നെ പ്രധാനമുള്ള ഒരു കാര്യമാണ് ഒരു പെൺകുട്ടി യുടെ പെരുമാറ്റവും.വന്നുകയറുന്നവീട് സ്വന്തം വീടായി കാണാനും അവിടത്തെഅംഗങ്ങളെ സ്വന്തക്കാരായി കരുതാനും കഴിയുന്നവളായിരിക്കണം . തന്റെ ഭർത്താവിനെ നൊന്ത് പ്രസവിച്ച ഉമ്മയും കഷ്ടപ്പാടുകൾക്ക് നടുവിലും അല്ലലറിയാതെ വളർത്തിയ ഉപ്പയും മുന്നോട്ടുള്ള ജിവിതത്തിൽ മരുമകളായി വന്ന മകളുടെ സ്നേഹവും പരിചരണവും കിട്ടി ജിവിക്കണം.അവരെ പരിചരിക്കാനും വീട്ടുകാര്യങ്ങൾ നോക്കാനും ഒരു ഭാര്യക്കുള്ള ധാർമിക ഉത്തരവാദിത്തം ഒരു പെൺകുട്ടിയും വിസ്മരിച്ചുകൂടാ.

ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപെൺകുട്ടിക്ക് .അതുവരെ ജിവിച്ച ചുറ്റുപാടിൽ നിന്നും തികച്ചും വ്യത്യസ്ത ലോകത്ത് പറിച്ചു നടുകയാണ്. സ്വാതന്ത്രം കുറയുമ്പോയും ചിത്രശലഭങ്ങളെ പോലെ പാറി നടന്ന ജീവിതത്തിന്റെ നഷ്ടബോധം മനസ്സിൽ നൊമ്പരപ്പാടായി മാറുമ്പൊഴും നിരാശ പ്പെടേണ്ട കാര്യമില്ല.ജീവിതത്തെ പലഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത് ബാല്യത്തിൽ കുസ്യതിയും കൌമാരത്തിൽ ചാപല്യവും യുവത്വത്തിൽ പക്വതയും വർധക്യത്തിൽ വീണ്ടും കുഞ്ഞായ നാളിലെ കുസ്യതിയുമൊക്കെയാണ് മനുഷ്യന്റെ അവസ്ഥ.ഘട്ടങ്ങളായുള്ള ഈ അവസ്ഥകളിൽ അതിന്റെതായ കാര്യഗൌരവത്തോടെ, നോക്കികണ്ടേ മതിയാകൂ. പഠിക്കാൻ പോയ കുട്ടികൾക്ക് അടുക്കള ജോലി ഒന്നും അറിയില്ല എന്നത് ഒരു വീമ്പു പറച്ചിലാണ് .ഏത് പഠനത്തിനും അതിന്റെതായ ഒരു അന്തസുണ്ട് വെറും കലാലയ ബിരുദം കൊണ്ട് മാത്രം ജിവിതതോണി തുഴയാൻ കഴിയില്ല. നമ്മുക്കും നമ്മുടെ സ്വന്തക്കാർക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതോ അല്ലെങ്കിൽ സ്വന്തം വീടുപോലെ കരുതേണ്ട ഭർത്താവിന്റെ വീട്ടിൽ ജോലി ച്ചെയ്യുന്നതുകൊണ്ടോ ഒരുകുറച്ചിലും കരുതേണ്ട കാര്യമില്ല. ഒരു പക്ഷെ ഒരു പെൺകുട്ടി സ്വപ്നം കണ്ട ജീവിതമായിരിക്കില്ല അവൾക്ക് ലഭിക്കുന്നത് .അവൾ അതുവരെ വളർന്ന അന്തരീക്ഷത്തിലായിരിക്കില്ല പിന്നീടുള്ള ജീവിതം പക്ഷെ ക്ഷമിക്കുന്നവർക്കു് അല്ലാഹുവിന്റെ മുന്നിൽ ഉന്നത സ്ഥാനമുണ്ട് . ക്ഷമിച്ച് ജീവിച്ചാൽ ഒരു നാളിൽ അതിന് ഫലം കാണുക തന്നെ ച്ചെയ്യും. ചട്ടിം കലവുമാകുമ്പോൾ തട്ടീം മുട്ടീം പോകും എന്നു പറഞ്ഞപോലെ സ്നേഹ സന്തോഷത്തോടെ ജീവിക്കുക. പുഞ്ചിരി തൂകുന്ന മുഖത്തോടെ പ്രസന്നവതിയായി സമീപിക്കുക. കുഞ്ഞുങ്ങളെയുമെടുത്ത് മരിക്കാൻ ഒരുമ്പെടുന്നവർക്ക് അല്ലാഹു വിന്റെ അടുത്തു ആത്മഹത്യക്കും കൊലപാതകത്തിനും ഒരു പോലെ സമാധാനം പറയേണ്ടിവരുമെന്നോർക്കുക…