Monday, October 10, 2011

ഒരു പ്രവാസിയുടെ കഥ


(2011-സപ്തംബർ ലക്കം മഹിളാചന്ദ്രികയിൽ  പ്രസിദ്ധീകരിച്ചത്)

കാലങ്ങളായി വളരെയധികം ചർച്ചകൾക്കും വാദപ്രതിവാദങ്ങള്‍ക്കും വേദിയൊരുക്കിയ വിഷയമാണെങ്കിലും യുവത്വമെന്ന വസന്തകാലത്തിന്റെ ആസ്വാദനം ഉള്ളിൽ ഒതുക്കി വെച്ച് ജീവിതഭാരം ചുമന്നു സ്വന്തം മണ്ണിനേയും പെണ്ണിനേയും കുടുംബത്തേയും വിട്ട് അന്യദേശത്ത് വിയർപ്പു് ഒഴുക്കുന്ന സഹോദരൻമാർക്കു പങ്ക് വെക്കപ്പെടേണ്ട സുഖ ദു:ഖ സമ്മിശ്ര വികാരങ്ങളെ തീച്ചുളയിലിട്ട് കനലാക്കുന്നതും ക്രമേണ അത് വെറും ചാരമാകുന്നതും നിറകണ്ണുകളോടെ അനുഭവിച്ചു തീർക്കേണ്ടിവരുന്ന ഭാര്യമാർക്ക് വേണ്ടി കാലത്തിന്റെ കുത്തൊഴുക്കിൽ തനിച്ചൊരുകുടുബത്തിലെ കുട്ടികളെ നേർവഴി നടത്താനും പതിയുടെ അഭാവത്തിൽ നല്ലപാതി സദാചാര വിരുദ്ധമായതെന്തെന്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പൗരപ്രമാണിമാരുടെ നോട്ടത്തിന്റെ കനൽ ചൂടേറ്റ് ഉരുകാനും വിധിക്കപ്പെട്ട ഒരു പ്രവാസി ഭാര്യയുടെ അനുഭങ്ങളാണ് ഇവിടെ കുറിക്കുന്നത്.

വർഷങ്ങൾ പഴക്കമുള്ള അനുഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടത്തിനാണ് ഞാൻ ക്ഷണിക്കുന്നത്.അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ യഥാവിധം കോറിയിടണമെങ്കിൽ എന്റെ ജീവിതപകുതി അതിനുവേണ്ടി മാത്രം മാറ്റിവെക്കേണ്ടിവരാം.

ഒരു ചെറുകിട ചായക്കട മുതലാളിയായിരുന്നു.നമ്മുടെ നായകൻ. മൂന്ന് പെണ്മക്കളും ഒരാൺകുഞ്ഞും ഭാര്യയും അടങ്ങുന്ന കുടുംബം.ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചു അദ്ധ്വാനിച്ചിട്ടും മിച്ചം വെക്കാ‍ൻ ഒന്നുമില്ല.ചങ്ങാതിമാർ പലരും ഹജ്ജ് വിസ സംഘടിപ്പിച്ച് മക്കയിലേക്ക് പോകുന്നുണ്ട്.വളർന്നു വരുന്ന പെൺകുട്ടികളെ ചൂണ്ടി സഹധർമ്മിണി വേവലാതിപ്പെട്ടുകൊണ്ടിരുന്നപ്പോഴും തന്റെ കുടുംബത്തെ, പൊന്നോമനകളായ മക്കളെ വിട്ട് പോകുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ സാധിക്കുന്നില്ല.മിച്ചം വെക്കുന്നത് പോയിട്ട് അന്നന്നത്തെ ചിലവിന്പോലും തന്റെ കച്ചവടത്തിൽനിന്ന് ആവുന്നില്ല എന്ന് കണ്ട നായകൻ തറവാട് സ്വത്തായി കിട്ടിയ മണ്ണിൽ നിന്നും കുറച്ചു വിറ്റു എന്നിട്ടും പരിഹാരമാകാത്ത പ്രാരാബ്ധങ്ങൾക്ക് നടുവിലിരുന്ന് ഒരുഹജ്ജ് വിസയിൽ, തന്റെ മക്കളെ നാട്ടില്‍ വിട്ട് അകലെ പോകാൻ തീരുമാനിമാനിക്കേണ്ടി വന്നു.
പറന്നു പോകുന്നതിന് പകരം 1977ൽ കടൽ കടന്നായിരുന്നു യാത്ര. പറമ്പ് വിറ്റ് കിട്ടിയ കാ‍ശിന്റെ ബാക്കി കപ്പലിന് യാത്രക്കായി പണം കെട്ടി. ഒരാഴ്ചയാത്ര.തന്റെ അഞ്ചാമത്തെ കുഞ്ഞ് ജനിച്ച് അധികനാൾ കഴിയും മുമ്പേ, അലറി കരഞ്ഞ് തന്നെ ചുറ്റിവരിഞ്ഞ മക്കളെ വേർപെടുത്തി യാത്ര പറയാനൊരുങ്ങി..മൂന്ന് പെൺമക്കൾക്ക് ശേഷം പിറന്ന തന്റെ പൊന്നോമന മകൻ മരിച്ചതും ആ കുടുംബത്തിന്റെ തീരാവേദനയാണ്. മൂന്ന് വയസ്സായ മകൻ പെരുന്നാൾ തലേന്ന് തന്റെ പുത്തൻ വസ്ത്രത്തിന്റെ ഗന്ധമാസ്വദിച്ച് കിടന്നതാണ്.ആഘോഷ പുലരിയിൽ ജീവനറ്റ് കിടന്ന മകനെ കണ്ട ഓർമ്മ ആ യാത്രാവേളയിലും അവർ പരസ്പരം പങ്കുവെച്ചു പൊട്ടിക്കരഞ്ഞു..ചങ്ങാതിമാരായ നാലഞ്ചുപേരുകൂടി കൂട്ടിനുണ്ട്.ബസ്സിലാണ് ബേപ്പൂര് വരെ യാത്ര.അവിടന്ന് ഒന്നാം കപ്പലിൽ .മനസ്സിൽ പൂത്തുനിൽക്കുന്ന സ്വപ്നങ്ങൾ വേർപിരിയലിന്റെ വേദനയെ തെല്ല് കുറച്ചു.
യാത്ര പറഞ്ഞ് പിരിഞ്ഞിട്ട് ഒരു മാസം ആകാറായി.ഒരാഴ്ചകൊണ്ട് അവിടെ എത്താം .താമസസ്ഥലം തരപ്പെട്ട് കത്തെഴുതിയാലും ഇവിടെ കിട്ടാൻ പതിനഞ്ചു ദിവസമേ എടുക്കൂ.പ്രസവിവിച്ച് കിടക്കുകയാണങ്കിലും ഭാര്യ ദിവസങ്ങളെ വിരലിലെണ്ണി.നാൽ‌പ്പതു കുളിച്ച് പുറത്തിറങ്ങിയ ഉടനെ രണ്ടാമത്തെ മകളെ കൂട്ടി കൂടെപോയ ചങ്ങാതിമാരുടെ വീടുകളിലെല്ലാം പോയി.സമാനദു:ഖിതരായ കുടുംബാംഗങ്ങളെയാണ് അവിടെ കാണാനായത്.പ്രാർതഥനയിൽ മാത്രം ആശ്വാസം കണ്ടെത്തി.വിവരമന്വേഷിക്കാൻ വരുന്ന അയൽ വാസികൾ പൊടിപ്പും തൊങ്ങലും വെച്ച് മുമ്പ് നടന്നതും നടക്കാത്തതുമായ അപകട വിവരങ്ങൾ പറഞ്ഞ് പരിസരംഭയാനകമാക്കി.പറക്കമുറ്റാത്ത മക്കൾ.പ്രായംചെന്ന് കുട്ടികളേക്കാൾ കുട്ടിത്തം കാണിക്കുന്ന കാണിക്കുന്ന മാതാപിതാക്കൾ.സമാധാനത്തിന്റെ തലോടൽ ഭാര്യയെ തേടി വന്നതേ ഇല്ല.രണ്ടാം കപ്പലിൽ പോയ ചിലരുടെ വിവരം കിട്ടിയിട്ടും ഒന്നാം കപ്പലിൽ പോയവരെപ്പറ്റി ഒരു വാർത്തയുമില്ല.
ഗൾഫിൽ പോഴി ജോലി കിട്ടി പൈസ അയക്കുക്കുവോളം കഴിയാനെന്നും പറഞ്ഞ് നൽകിയ പണം തീർന്നപ്പോൾ പട്ടിണിയുടെ വയറുകാളിച്ച തുടങ്ങി. മൂത്തമകളെ ബന്ധുവായ കച്ചവടക്കാരന്റെ കടയിലേക്ക് അരി വാങ്ങാനായി വിട്ടു.പറ്റെഴുതി പറ്റിക്കാൻ നോക്കണ്ട ഒരു വിവരവുമില്ലാത്ത ഉപ്പയുടെ പേരിൽ കടം നൽകാൻ അരിയില്ലെന്നായിരുന്നു.അയാളുടെ ന്യായം.പ്രാരാബ്ധത്തിന്റെ ചൂടറിയാത്ത മകൾ ഇനി തന്നെ കടയിലേക്ക് വിടരുന്ന് കരഞ്ഞ്പറഞ്ഞു.വരിക്കപ്ലാവിൻമേല്‍ മൂത്തു പാകമായ ചക്ക വിറ്റ് അരി വാങ്ങാനായി അവർ തീരുമാനിച്ചു.അങ്ങിനെ നാളുകൾ തള്ളി നീക്കവേ പ്രതീക്ഷയുടേയും സമാധാനത്തിന്റെയും തിരി തെളിയിച്ച് ഒരു കത്ത് കടൽ കടന്നെത്തി.
തങ്ങൾ സഞ്ചരിച്ച കപ്പൽ വഴിതെറ്റി ചെങ്കടലിലേക്കും ഇരുട്ടുകടലിലേക്കും എത്തിയെന്നും കപ്പിത്താനും മറ്റു കപ്പൽ ജീവനക്കാരുംവരെ ഭയവിഹ്വലരായി തങ്ങൽക്ക് ഇനിഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ദൈവസഹായത്തിനായി എല്ലാവരും പ്രാത്ഥിച്ചോളൂ എന്നും പറഞ്ഞു. ഒന്നും കാണാതെ മനസ്സിലാകാതെ കപ്പലിന്റെ ചാഞ്ചാട്ടത്തിൽ ഉറക്കെ പ്രാർത്ഥിച്ചും അലറിക്കറഞ്ഞും കഴിഞ്ഞ നാളുകളെ കുറിച്ചായിരുന്നു കത്തിലെ വിവരങ്ങൾ.കൊണ്ട് പോയ ഭക്ഷണസാധനങ്ങൾ തീർന്ന് പോയതുമുതൽ പട്ടിണിയായിരുന്നു.കടുത്ത വിശപ്പ് സഹിക്കാനാവാതെ സഹയാത്രികരിൽ പലരും ബോധരഹിതരായി.പതിനെട്ട് നാളുകൾക്ക് ശേഷം തിരകൾക്ക് അനുസരിച്ച് ആടിയുലയുന്ന കപ്പലിലെ ജീവനക്കർ തങ്ങൾ കരയോട് അടുത്തിരിക്കുന്നു എന്ന അറിയിപ്പ് നൽകി.അതു വരെ പ്രതീക്ഷയറ്റു മരണം കാത്തു കഴിഞ്ഞവർക്ക് പുതു ജീവൻ ലഭിച്ച പ്രതീതി. പിന്നിട് താമസ സൌകര്യമായതും ബലദിയ (മുനിസിപ്പാലിറ്റി) പണികിട്ടിയതുമായ വിവരങ്ങൾ തങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്ക് നിറം പകരുന്ന വാക്കുകളായിരുന്നു പിന്നീട്. യാ‍തനകൾ ഏറെ അനുഭവിച്ചെങ്കിലും ഇന്ന് ശാരീരികമായി പൂർണ ആരോഗ്യവാനാണന്നും കഠിനാദ്ധ്വാനം ചെയ്തായാലും കുടുംബസ്ഥിതി മെച്ചപ്പെടുക തന്റെ ലക്‌ഷ്യം എന്നും അദ്ദേഹം എഴുതിയിരുന്നു.
ഒരു പെണ്ണ് കുടുംബം പോറ്റുന്നതുകണ്ട അസൂയാലുക്കൾ കുശുകുശുക്കുന്നത് അവർ കേട്ടില്ലെന്ന് നടിച്ചു.പതിയെ എങ്കിലും ഗൾഫ് പണത്തിന്റെ ഒഴുക്കിൽ ആ കുടുംബത്തിന്റെ ജീവിത രീതിയിൽ മാറ്റംവന്നു. നാലു വർഷത്തെ പ്രവാസജീവിതം നയിച്ച് ലീവിന് വരുന്നതിന് മുമ്പേ രണ്ട് പെൺ മക്കളെ കെട്ടിച്ച് വിട്ടു. വിറ്റു പോയ പറമ്പിന് പകരം കുറച്ച് സ്ഥലം വാങ്ങി.പിന്നീട് മൂന്ന് മാസത്തെ ലീവിന് വന്നു. ടേപ്പ് റെക്കോർഡിൽ നിന്നും ഉയരുന്നശബ്ദത്തിൽ മാപ്പിളപ്പാട്ടും അത്തറിന്റെ സുഗന്ധവും പരന്ന മൂന്ന് മാസങ്ങൾ .കുടുംബ പുരോഗതിയെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് നയിച്ചു,ആഢംബരങ്ങളേറെ ഇല്ലെങ്കിലും നാട്ടാചാരങ്ങളും ചുറ്റുപാടുകളും അദ്ദേഹത്തിന്റെ ഭാര്യ നിവർത്തിച്ചു പോന്നു.ഇതിനിടയിൽ മൂത്ത മകളുടെ ഭർത്താവിന്റെ പെട്ടെന്നുള്ള മരണവും അവരെതളർത്തി.കൈക്കുഞ്ഞുമായി അവൾ വീട്ടിൽ നിൽക്കുമ്പോൾ ഉമ്മയുടെ മനസ്സ് വെന്തു.മകളുടെ രണ്ടാം വിവാഹത്തോടെ ആദ്യ വിവാഹത്തിലുണ്ടായ മകളുടെ ഉത്തരവാദിത്തംകൂടി വലിയുപ്പക്കും വലിയുമ്മക്കുമായി.അക്ഷരാഭ്യാസം കുറഞ്ഞ ആളാണങ്കിലും കത്തുകൾ അദ്ദേഹം മുടങ്ങാതെ എഴുതുമായിരുന്നു.മക്കൾക്കാർക്കും ആ കത്തുകൾ വായിക്കാൻ സാധിച്ചില്ല.എന്നാൽ ഉമ്മ ഒരു വിവരവും ചോർന്നു പോവാതെ ഈ പുതിയ ലിപിയിലുള്ള എഴുത്ത് വായിച്ചു തീർക്കുന്നത് മക്കൾ വിസ്മയത്തോടെയാണ് വീക്ഷിക്കാറ് .
ചെറിയ ഓടിട്ട വീടിന്റെ സ്ഥാനത്ത് മാളിക പൊങ്ങി.എസ്സ് എസ്സ് എ,ൽ സി ക്ക് പഠിക്കുന്ന മകന്റെയും യു പി ക്ലാസിൽ പഠിക്കുന്ന മകളുടെയും ഭാവി സുരക്ഷിതമായാൽ തനിക്ക് സമാധാനിക്കാം എന്നു അദ്ദേഹം കരുതി ആജാനുബാഹുവായ അദ്ദേഹത്തെ അപ്പോഴേക്കും പ്രമേഹം കിഴ്പ്പെടുത്തിയിരുന്നു.ലീവിന് നാട്ടിൽ വന്ന ഉപ്പയുടെ കോലിച്ച രൂപംകണ്ട മക്കൾ വിതുമ്പി.ഇനി തിരികെ പോകരുതേ എന്ന് ഭാര്യ കേണപേക്ഷിച്ചു .വെറുതെ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാനുള്ള പ്രായമൊന്നുമായില്ല മത്രമല്ല അതിനു മാത്രമുള്ളസാമ്പത്തിക ഭദ്രതയുമില്ല.മൺചുമരുകളിൽ നിന്നും കൽചുവരുകളിലേക്കും ഓടിട്ട മേൽക്കൂരയിൽ നിന്നും കോൺക്രിറ്റ് മേൽക്കൂരയിലേക്കും മാറിയതു കണ്ട് അദ്ദേഹം ആനന്ദിച്ചു.എല്ലാം ഒരു കരക്കെത്തിച്ച് മകന്റേയും വിവാഹവും കഴിഞ്ഞിട്ടുംവേണം തനിക്ക് വിശ്രമജീവിതം നയിക്കാനും പിടികൂടിയ രോഗത്തിനെതിരെ കാര്യമായിപ്രതിരോധിക്കാനും.ലീവിന് വന്നിട്ട് ഒരു മാസമായിരിക്കും.ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഉണ്ണി മയക്കത്തിലാണ്.പെട്ടെന്ന് ശ്വാസം എടുക്കാൻ സാധിക്കാക്കാത്തൊരു അവസ്ഥ ശക്തമായ നെഞ്ചുവേദന. ഉടനെ ആസ്പത്രിയിൽ എത്തിച്ചു.മെഡിക്കൽ കോളെജിലെത്തിക്കണമെന്നായി ആശുപത്രി അധികൃതർ.പൊയ്പോകുന്ന ജീവൻ തിരികെ പിടിക്കാൻ മനുഷ്യന് സാധ്യമല്ലെന്ന തിരിച്ചറിവിൽ പാതിവഴിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
മരണം നടന്ന് ഏറെ നാളായിട്ടും ഗൾഫുകാരന്റെ കുടൂംബത്തെ സഹായിക്കാൻ ആരും തയ്യാറായില്ല.കുടുംബം അപ്പോഴും നിലയില്ലാകയത്തിൽ നിന്നും കരകയറിയില്ല.ഭാവിയിലേക്ക് ഉറ്റുനോക്കിയ ഉമ്മ കളിയും പാട്ടും തമാശയുമായി നടന്ന മകന് കരീമീശ വരച്ചു കൊടുത്ത് പാസ്പോർട്ടും വിസയും സംഘടിപ്പിച്ചു മറ്റൊരു പ്രവാസിയാക്കി.ഹോട്ടലിലാണ് അവന് ജോലി കിട്ടിയത്.അതുവരെ സ്വന്തം പാത്രം പോലും കഴുകി ശീലമാകാത്ത മകൻ എച്ചിൽ പാത്രങ്ങളുടെ മുന്നിലിരുന്നു് കരഞ്ഞു. ചുറ്റുപാടുകളും ചുമതലകളും ചെറുപ്രായത്തിലേ അവനു പക്വത നല്‍കി .ഇന്ന് അവൻ ആഢംബരമോഹങ്ങൾക്കായി ഒരു രൂപപോലുംചെലവാക്കരുതെന്ന ജീവിത തത്വം പഠിച്ചു……(തുടരും)