Wednesday, May 4, 2011

വിവാഹ കലാശം

 പവിത്രമായ ഒരു ബന്ധത്തിന്റെ നൂലിഴ കൊണ്ട് വ്യത്വസ്ത സാഹചര്യത്തിൽ ജനിച്ചു വളർന്ന രണ്ടു പേരെ ഒരേ മനസ്സോടെ ഇഴുകിചേർന്ന് ജിവിക്കാൻ പ്രാപ്തരാകേണ്ട ചടങ്ങാണല്ലോ  വിവാഹം .പരിശുദ്ധിയോടെ കാണേണ്ട കല്യാണവും അതിനോടനുബന്ധിച്ച നിശ്ചയം, മറ്റു സൽക്കാരചടങ്ങുകളും ഇന്ന് മദ്യ സൽക്കാരത്തിലും ധൂർത്തിലും എത്തിനിൽക്കുന്നു.
                   ധനികനായ ഒരാൾക്ക് തന്റെ സമ്പത്തിന്റെ ആഴം മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഒരു അളവ് കോലായിരിക്കുന്നു വിവാഹം .സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രഗൽഭരായ വ്യക്തികളെ ക്ഷണിച്ച് അവർക്ക് മാത്രമായി ഒരു ദിവസം സാധാരണക്കാർക്കും കുടുംബക്കാർക്കു മായി വേറെ ദിവസങ്ങൾ അങ്ങിനെ വളരെ ലളിതമായി നടത്തേണ്ട സൽക്കാര പരിപാടി മൂന്നും നാലും ദിവസങ്ങളിൽ ഉത്സവ പ്രതീതിയോടെ കൊണ്ടാടിക്കൊണ്ടിരിക്കുന്നു.ആ സമയത്തു് ഒരു പാവപ്പെട്ടവൻ “വിൽക്കപ്പെടുന്ന പെണ്ണിന്റെ കൂടെ കെടുക്കാൻ പറഞ്ഞുറപ്പിച്ച പൊന്നിനും, പണത്തിനും വേണ്ടി നെട്ടോട്ടമോടുകയോ,അതല്ലെങ്കിൽ പുതുതായി വീട്ടിൽ വരുന്ന മരുമകളെ സമ്പന്നർ കൊണ്ടുവരുന്ന ആർഭാടങ്ങൾക്ക് കിടപിടിക്കാൻ സാധിച്ചില്ലങ്കിലും അതിനോടടുത്ത് വരുന്ന മാമൂലുകൾ ചെയ്യാൻ ,സമൂഹത്തിനിടയിൽ മാന്യതാ സർട്ടിഫിക്കറ്റ് നേടാൻ പ്രയത്നിക്കുകയാവും. നാട്ടാചാരങ്ങളായി മാറിയ ഊരാക്കുടുക്കുകൾ വിവാഹ മാമാങ്കത്തിന് മാന്യത കൈവരുത്തുന്ന ഇന്നത്തെ അവസ്ഥ ഖേദകരം തന്നെ.
                                                പാശ്ചാത്യ ജിവിത ശൈലി ഇത്ര കണ്ട് ഇഷ്ടപ്പെടുന്നവരാണോ മലയാളികൾ .?ഇന്ന് നടക്കുന്ന സൽക്കാര ചടങ്ങുകൾ അതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൊഫെ മാതൃകയിലുള്ള ഭക്ഷണം ആഢംബര പ്രേമികൾക്ക് അഭിമാനമാണെങ്കിലും വൃദ്ധരായ നാട്ടു പ്രമാണിമാർക്ക് പാത്രം നീട്ടി ഇരന്നു് വാങ്ങുന്നതിൽ അൽ‌പ്പം ലജ്ജ ഉണ്ടാകാതിരിക്കില്ല.പക്ഷെ തങ്ങളും പരിഷ്കാരികളാണെന്ന് വരുത്തിത്തീർക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിലെ പുരുഷകേസരികളും വനിതാമണികളും അത്യന്തം പരിശ്രമിക്കുന്നതു കാണാം.ആ കാഴ്ച റോഡരികിലെ പെട്ടിക്കടകൾക്കു മുമ്പിലെ ഭക്ഷണരീതിയെ അനുസ്മരിപ്പിക്കുന്നില്ലേ?.
          മത്സ്യവും ,മാംസവും ,മറ്റ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയതിൽ ഗൃഹനാഥന്റെ രോമാഞ്ചം കാണേണ്ടതു തന്നെയാണ്.ഭക്ഷണ മര്യാദ പോലും നോക്കാതെ തങ്ങളിലാവും വിധം ഓരോരുത്തരും അകത്താക്കുന്നു.അതിലധികം ഭക്ഷണം ആർക്കും വേണ്ടാതെ വെറുതെയാക്കുന്നു.വിരുന്നിന്റെ അനുഭവ സാക്ഷ്യങ്ങൾ ജനമദ്ധ്യത്തിൽ ചർച്ച ചെയ്യുന്നതും താൻ സമൂഹത്തിനുമുമ്പിൽ ഒരു പടി കൂടി ഉയർന്നതിലുള്ള സന്തോഷത്തോടെ പിതാവ് നിർവൃതിയിലമരുന്നു.
  ഇതിനൊക്കെ പുറമെ യുവതലമുറ നാട്ടിലൊരു പന്തലൊരുങ്ങിയാൽ മദ്യസൽക്കാരവും ആടിത്തിമിർക്കലുമായി മറ്റൊരു വശത്ത്.പലകല്യാണങ്ങളും ഉത്സവത്തിന്റെ പ്രീതിയാണ്.വിവാഹിതരാകുന്ന വധൂവരന്മാരോ അവരുടെ മാതാപിതാക്കളോ ഇതിൽ പങ്കുകാരല്ലെങ്കിലും കളറുകളാൽ വർണാഭമായും പടക്കം പൊട്ടിച്ചും പന്തൽ പൂരപ്പറമ്പാക്കി മാറ്റുന്നു.നിരപരാധികളായ വീട്ടുകാർ സമൂഹത്തിനു മുമ്പിൽ അപവാദം കേൾക്കേണ്ടതായും വരുന്നു.
ഇന്നത്തെ മണവാളനും, മണവാട്ടിക്കും പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ പ്രാപ്‌തരാകേണ്ടതോ, പഠിച്ചുവെക്കേണ്ട പാഠങ്ങളോ ആയിരിക്കില്ല മനസ്സിൽ ചിന്തിക്കാനുള്ളത്.ഫേഷ്യലും, ബ്ലീച്ചിംങ്ങും ,ഹെന്നയുമായി വിലമതിക്കാനാകാത്ത വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും വാങ്ങുന്നവരുണ്ട്.ഫോട്ടോഗ്രാഫർക്കു മുമ്പിലെ പെർഫോമൻസ് വരെ റിഹേഴ്സൽ ചെയ്തു നോക്കുന്നവരെ കണ്ടിട്ടുണ്ട്.അവർ ഫോട്ടോയിൽ തന്റെ ചിരി എങ്ങിനെ വേണ്ടതെന്ന് മറ്റുള്ളവരോട് ചോദിക്കുന്നു.സന്തോഷവേളകളിൽ നാമറിയാതെ വിടരുന്ന പുഞ്ചിരിക്കുപോലും മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് നേടേണ്ട അവസ്ഥ.സൗന്ദര്യ കാര്യത്തിലും ഇനി എന്തെങ്കിലും ചെയ്തു തീർക്കാനുണ്ടോ എന്ന് വ്യാകുലതപ്പെടുന്ന അവർക്ക് വരാൻ പോകുന്ന ദാമ്പത്യബന്ധത്തിന്റെ മൂഹൂർത്തങ്ങൾ സ്വപ്നം കാണാനോ,തികച്ചും വ്യത്യസ്തമായി അന്തരീക്ഷത്തിൽ ജീവിച്ചപങ്കാളി വരുമ്പോൾ തങ്ങളുടെ ജീവിതരീതിയിൽ വരുന്ന മാറ്റത്തെ കുറിച്ചോ ചിന്തിക്കാൻ താപര്യപ്പെടുന്നില്ല.അതിന് അവർക്ക് സമയവുമില്ല.
                                                ആരും ഒരുക്കാത്ത വ്യത്യസ്ഥമായ കല്യാണ മൊരുക്കിയതിന്റെ സന്തോഷത്തിൽ വീട്ടുകാർ തളർന്നുറങ്ങുമ്പോൾ ഒരു പക്ഷെ തൊട്ടടുത്തവീട്ടിൽ പൊളിഞ്ഞു വീഴാറായ മൺചുവരുകൾക്കുള്ളിൽ പൊട്ടിയ ഓടിന്റെ വിടവിലൂടെ കാണുന്ന നിലാവുള്ള ആകാശക്കീറിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ വിവാഹ പ്രായം കഴിഞ്ഞ പെൺമക്കളുടെ ഭാവിയിലേക്ക് ഉറ്റുനോക്കി ഇറുകെ അടക്കുന്ന കണ്ണുകളിൽ നിരാശ കലർന്ന അവരുടെ മുഖം മാത്രം ദർശിക്കുന്ന മാതാപിതാക്കളുണ്ടാക്കാം. ദരിദ്രമായി ജനിച്ചതിലപ്പുറം വികാര വിചാരങ്ങളുള്ള പെണ്മക്കളെ കഴുകന്റെ കണ്ണുകളിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം ,വിവാഹ കമ്പോളത്തിൽ വില പറഞ്ഞുറപ്പിച്ച മരുമകനെ വാങ്ങാൻ കഴിയാത്തതിലുള്ള വിങ്ങലുകളും സദാ ചുറ്റിലും തിരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ എല്ലാം മറന്നുറങ്ങാൻ എങ്ങനെ പാവം മാതാപിതാക്കൾക്ക് സാധിക്കും.